Month: ഡിസംബര് 2025

ക്രിസ്തുമസ് ധർമ്മസങ്കടം

ഡേവിഡിനും ആൻഗിക്കും വിദേശത്തേക്ക് പോകാൻ തങ്ങൾ വിളിക്കപ്പെട്ടതായി തോന്നി. തുടർന്നുണ്ടായ ഫലവത്തായ ശുശ്രൂഷ അത് സ്ഥിരീകരിക്കുന്നതായി തോന്നി. എന്നാൽ അവരുടെ നീക്കത്തിന് ഒരു പോരായ്മ ഉണ്ടായിരുന്നു. ഡേവിഡിന്റെ പ്രായമായ മാതാപിതാക്കൾ ഇപ്പോൾ തനിയെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. 
ഡേവിഡും ആൻഗിയും തന്റെ മാതാപിതാക്കളുടെ ക്രിസ്തുമസ് ദിന ഏകാന്തത ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ചെയ്തു - സമ്മാനങ്ങൾ നേരത്തെ പോസ്റ്റ് ചെയ്തും ക്രിസ്തുമസ് രാവിലെ ഫോണിൽ സംസാരിച്ചും. എന്നാൽ അവന്റെ മാതാപിതാക്കൾ ശരിക്കും ആഗ്രഹിച്ചത് അവരെ ആയിരുന്നു. ഡേവിഡിന്റെ വരുമാനം ഇടയ്ക്കിടെ വീട്ടിലേക്ക് പോകാൻ അനുവദിക്കാത്തതിനാൽ, അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഡേവിഡിന് ജ്ഞാനം ആവശ്യമായിരുന്നു. 
സദൃശവാക്യങ്ങൾ 3, ജ്ഞാനാന്വേഷണത്തിലെ ഒരു ക്രാഷ് കോഴ്‌സാണ്. നമ്മുടെ സാഹചര്യങ്ങൾ ദൈവത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ അത് എങ്ങനെ സ്വീകരിക്കാമെന്ന് കാണിക്കുന്നു (വാ. 5-6), അതിന്റെ വിവിധ ഗുണങ്ങളായ സ്‌നേഹവും വിശ്വസ്തതയും വിവരിക്കുന്നു (വാ. 3-4, 7-12), സമാധാനവും ദീർഘായുസ്സും അതിന്റെ പ്രയോജനങ്ങളാണ് (വാ. 13-18). ഹൃദയസ്പർശിയായ ഒരു കുറിപ്പിൽ, ദൈവം നമ്മെ “തന്റെ സഖ്യതയിലേക്ക്’’ അടുപ്പിക്കുന്നു (വാക്യം 32). തന്നോട് അടുപ്പമുള്ളവരോട് അവൻ തന്റെ പരിഹാരങ്ങൾ മന്ത്രിക്കുന്നു. 
ഒരു രാത്രി തന്റെ പ്രശ്‌നത്തെക്കുറിച്ച് പ്രാർത്ഥിച്ചപ്പോൾ ഡേവിഡിന് ഒരു ആശയം തോന്നി. അടുത്ത ക്രിസ്തുമസ് ദിനത്തിൽ, അവനും ആൻഗിയും അവരുടെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ധരിച്ച്, മേശ അലങ്കരിച്ച്, അത്താഴം വിളമ്പി. ഡേവിഡിന്റെ മാതാപിതാക്കളും അതുതന്നെ ചെയ്തു. പിന്നെ, ഓരോ മേശയിലും ഒരു ലാപ്‌ടോപ്പ് വെച്ചുകൊണ്ട്, വീഡിയോ ലിങ്ക് വഴി അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഏതാണ്ട് ഒരേ മുറിയിലാണെന്ന് അവർക്കു തോന്നി. അന്നുമുതൽ ഇതൊരു കുടുംബ പാരമ്പര്യമായി മാറി. 
ദൈവം ദാവീദിനെ വിശ്വാസത്തിലെടുക്കുകയും അവന് ജ്ഞാനം നൽകുകയും ചെയ്തു. നമ്മുടെ പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ മന്ത്രിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. 

ക്രിസ്തുവിലുള്ള സമൂഹം

ബഹാമാസിന്റെ തെക്കുഭാഗത്തായി റാഗഡ് ഐലൻഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രദേശമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇവിടെ സജീവമായ ഒരു ഉപ്പ് വ്യവസായം ഉണ്ടായിരുന്നു, എന്നാൽ ആ വ്യവസായത്തിന്റെ ഇടിവ് കാരണം നിരവധി ആളുകൾ അടുത്തുള്ള ദ്വീപുകളിലേക്ക് കുടിയേറി. 2016-ൽ, എൺപതിലധികം ആളുകൾ അവിടെ താമസിച്ചിരുന്നപ്പോൾ, ദ്വീപിൽ മൂന്ന് മതവിഭാഗങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആളുകൾ എല്ലാ ആഴ്ചയും ആരാധനയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരിടത്ത് ഒത്തുകൂടി. വളരെ കുറച്ച് താമസക്കാർ മാത്രം ഉള്ളതിനാൽ, അവർക്ക് സാമൂഹികബോധം വളരെ പ്രധാനമായിരുന്നു. 
ആദിമ സഭയിലെ ജനങ്ങൾക്ക് ഒന്നിച്ചുകൂടാനുള്ള നിർണ്ണായകമായ ആവശ്യവും ആഗ്രഹവും തോന്നി. യേശുവിന്റെ മരണവും പുനരുത്ഥാനവും വഴി സാധ്യമായതും, തങ്ങൾ പുതുതായി കണ്ടെത്തിയതുമായ വിശ്വാസത്തെക്കുറിച്ച് അവർ ആവേശഭരിതരായിരുന്നു. എന്നാൽ അവൻ ശാരീരികമായി അവരോടൊപ്പമില്ലെന്ന് അവർക്കറിയാമായിരുന്നു, അതിനാൽ അവർക്ക് പരസ്പരം ആവശ്യമാണെന്ന് അവർ മനസ്സിലാക്കി. അവർ അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലുകൾക്കും കൂട്ടായ്മയ്ക്കുമായി ഒരുമിച്ചു കൂടി (പ്രവൃത്തികൾ 2:42). അവർ ആരാധനയ്ക്കും ഭക്ഷണത്തിനുമായി വീടുകളിൽ ഒത്തുകൂടി, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതി. അപ്പൊസ്തല പ്രവൃത്തികൾ സഭയെ വിവരിച്ചത് ഇങ്ങനെയാണ്: “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു’’ (4:32). പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവർ ദൈവത്തെ നിരന്തരം സ്തുതിക്കുകയും പ്രാർത്ഥനയിൽ സഭയുടെ ആവശ്യങ്ങൾ ദൈവസന്നിധിയിലേക്ക് എത്തിക്കുകയും ചെയ്തു. 
നമ്മുടെ വളർച്ചയ്ക്കും പിന്തുണയ്ക്കും സമൂഹം അത്യന്താപേക്ഷിതമാണ്. ഒറ്റയ്ക്ക് പോകാൻ ശ്രമിക്കരുത്. നിങ്ങളുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും മറ്റുള്ളവരുമായി പങ്കിടുകയും ഒരുമിച്ച് അവനോട് അടുക്കുകയും ചെയ്യുമ്പോൾ ദൈവം ആ സാമൂഹികബോധം വികസിപ്പിക്കും. 

ദൈവമുമ്പാകെ തുല്യൻ

അവധിക്കാലത്ത് ഞാനും ഭാര്യയും അതിരാവിലെയുള്ള ബൈക്ക് യാത്ര ആസ്വദിച്ചു. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വീടുകളുടെ അയൽപക്കത്തിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. പലതരം ആളുകളെ ഞങ്ങൾ കണ്ടു-താമസക്കാർ, അവരുടെ നായ്ക്കൾ, സഹ ബൈക്ക് യാത്രക്കാർ, പുതിയ വീടുകൾ പണിയുന്നവരോ നന്നാക്കുന്നവരോ ആയ നിരവധി തൊഴിലാളികൾ, പ്രകൃതിദൃശ്യങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ മിശ്രിതമായിരുന്നു അത്. അതു കണ്ടപ്പോൾ വിലപ്പെട്ട ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് അതെന്നെ ഓർമ്മിപ്പിച്ചു. ഞങ്ങൾക്കിടയിൽ ധനികനോ ദരിദ്രനോ, സമ്പന്നനോ തൊഴിലാളിയോ. അറിയപ്പെടുന്നവരോ അറിയപ്പെടാത്തവരോ എന്ന യഥാർത്ഥ വേർതിരിവ് ഇല്ലായിരുന്നു. അന്ന് രാവിലെ ആ തെരുവിൽ ഞങ്ങളെല്ലാം ഒരുപോലെയായിരുന്നു. “ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ’’ (സദൃശവാക്യങ്ങൾ 22:2). വ്യത്യാസമില്ലാതെ, നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:27). 
എന്നാൽ അതിലധികം ഉണ്ട്. ദൈവമുമ്പാകെ തുല്യരായിരിക്കുക എന്നതിനർത്ഥം നമ്മുടെ സാമ്പത്തികമോ സാമൂഹികമോ വംശീയമോ ആയ സാഹചര്യം എന്തുതന്നെയായാലും, നാമെല്ലാവരും ദൈവമുമ്പാകെ പാപികളാണ് എന്നതാണ്: “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു’’ (റോമർ 3:23). നാമെല്ലാവരും അവന്റെ മുമ്പാകെ അനുസരണമില്ലാത്തവരും തുല്യ കുറ്റക്കാരുമാണ്, നമുക്ക് യേശുവിനെ ആവശ്യമാണ്. 
പല കാരണങ്ങളാൽ നമ്മൾ പലപ്പോഴും ആളുകളെ ഗ്രൂപ്പുകളായി വിഭജിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ അവസ്ഥയിലാണെങ്കിലും-ഒരു രക്ഷകനെ ആവശ്യമുള്ള പാപികൾ-അവന്റെ കൃപയാൽ നമുക്ക് “സൗജന്യമായി നീതീകരിക്കപ്പെടാൻ’’ (ദൈവത്തോടു നിരപ്പാകാൻ) കഴിയും (വാ. 24).  

ശ്രദ്ധ തിരിക്കാനുള്ള വിശപ്പ്

ചെറിയ സ്‌ക്രീൻ പ്രക്ഷേപണം ചെയ്ത ചിത്രങ്ങൾ, ആശയങ്ങൾ, അറിയിപ്പുകൾ എന്നിവയുടെ നിരന്തരമായ ബോംബാക്രമണത്തിൽ മടുത്തുകൊണ്ട് ഞാൻ എന്റെ ഫോൺ താഴെ വെച്ചു. പിന്നെ, വീണ്ടെ ഞാൻ അതെടുത്ത് ഓണാക്കി. എന്തുകൊണ്ട്? 
ദി ഷാലോസ് എന്ന പുസ്തകത്തിൽ നിക്കോളാസ് കാർ ഇന്റർനെറ്റ് നമ്മുടെ നിശ്ചലതയുമായുള്ള ബന്ധത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് വിവരിക്കുന്നു: ''നെറ്റ് ഏകാഗ്രതയ്ക്കും ധ്യാനത്തിനുമുള്ള എന്റെ കഴിവിനെ ഇല്ലാതാക്കുന്നതായി തോന്നുന്നു. ഞാൻ ഓൺലൈനിലായാലും ഇല്ലെങ്കിലും, നെറ്റ് വിതരണം ചെയ്യുന്ന രീതിയിൽ വിവരങ്ങൾ സ്വീകരിക്കാൻ എന്റെ മനസ്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നു: അതിവേഗം ചലിക്കുന്ന കണങ്ങളുടെ പ്രവാഹത്തിൽ. ഒരിക്കൽ ഞാൻ വാക്കുകളുടെ കടലിൽ മുങ്ങിത്തപ്പുന്നവനായി. ഇപ്പോൾ ഞാൻ ഒരു ജെറ്റ് സ്‌കീയിലെ ആളെപ്പോലെ ഉപരിതലത്തിൽ തെന്നി നീങ്ങുന്നു.'' 
മാനസികമായ ജെറ്റ് സ്‌കീയിൽ ജീവിതം നയിക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ നാം എങ്ങനെ വേഗത കുറയ്ക്കാൻ കഴിയും, നിശ്ചലമായ ആത്മീയ ജലത്തിലേക്ക് ആഴത്തിൽ മുങ്ങാൻ കഴിയും? 
131-ാം സങ്കീർത്തനത്തിൽ ദാവീദ് എഴുതുന്നു, “ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു’’ (വാ. 2). എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ദാവീദിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു. ശീലങ്ങൾ മാറ്റാൻ ആരംഭിക്കുന്നത് നിശ്ചലമായിരിക്കാനുള്ള എന്റെ തിരഞ്ഞെടുപ്പിൽ നിന്നാണ്-ഞാൻ ആ തിരഞ്ഞെടുപ്പ് വീണ്ടും വീണ്ടും നടത്തേണ്ടി വന്നേക്കാം. എന്നിരുന്നാലും, സാവധാനം നാം ദൈവത്തിന്റെ സംതൃപ്തിദായകമായ നന്മ അനുഭവിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ ആപ്പിനും സ്പർശിക്കാനാകാത്തതും സോഷ്യൽ മീഡിയ സൈറ്റുകൾക്കും നൽകാൻ കഴിയാത്തതുമായ ആത്മസംതൃപ്തി - പ്രത്യാശ - വാഗ്ദാനം ചെയ്യുന്നത് അവൻ മാത്രമാണ് എന്നോർത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ നാം വിശ്രമിക്കുന്നു. 

പരിശോധനകളെ അതിജീവിക്കുക

ദാരിദ്ര്യത്തിലും വേദനയിലും ആണ് ആനി വളർന്നത്. അവളുടെ രണ്ട് സഹോദരങ്ങൾ ശൈശവത്തിൽ മരിച്ചു. അഞ്ചാം വയസ്സിൽ, നേത്രരോഗം അവളെ ഭാഗികമായി അന്ധയാക്കി, എഴുതാനും വായിക്കാനും കഴിയാതെ വന്നു. ആനിക്ക് എട്ട് വയസ്സുള്ളപ്പോൾ അവളുടെ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. താമസിയാതെ, മോശമായി പെരുമാറുന്ന അവളുടെ പിതാവ് ജീവിച്ചിരിക്കുന്ന മൂന്ന് മക്കളെ ഉപേക്ഷിച്ചുപോയി. ഇളയവനെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ അയച്ചു, എന്നാൽ ആനിയും അവളുടെ സഹോദരൻ ജിമ്മിയും സർക്കാർ നടത്തുന്ന അനാഥാലയത്തിലേക്ക് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം ജിമ്മി മരിച്ചു. 
പതിനാലാമത്തെ വയസ്സിൽ, ആനിയുടെ സാഹചര്യങ്ങൾ പ്രകാശമാനമായി. അവളെ അന്ധർക്കുള്ള ഒരു സ്‌കൂളിലേക്ക് അയച്ചു, അവിടെ അവളുടെ കാഴ്ച മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ നടത്തി, അവൾ വായിക്കാനും എഴുതാനും പഠിച്ചു. അവൾ പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും, അവൾ പഠനത്തിൽ മികവ് പുലർത്തുകയും വാലെഡിക്‌റ്റോറിയൻ ബിരുദം നേടുകയും ചെയ്തു. ഹെലൻ കെല്ലറുടെ അധ്യാപികയും കൂട്ടാളിയുമായ ആനി സള്ളിവൻ എന്ന നിലയിലാണ് ഇന്ന് നാം അവളെ നന്നായി അറിയുന്നത്. പ്രയത്‌നം, ക്ഷമ, സ്‌നേഹം എന്നിവയിലൂടെ ആനി അന്ധയും ബധിരയുമായ ഹെലനെ സംസാരിക്കാനും ബ്രെയിൽ വായിക്കാനും കോളേജിൽ നിന്ന് ബിരുദം നേടാനും പഠിപ്പിച്ചു. 
യോസേഫിനും അങ്ങേയറ്റത്തെ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവന്നു: പതിനേഴാം വയസ്സിൽ, അസൂയാലുക്കളായ സഹോദരന്മാർ അവനെ അടിമയായി വിറ്റു, പിന്നീട് തെറ്റായി കുറ്റം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടു (ഉല്പത്തി 37; 39-41). എങ്കിലും മിസ്രീമിനെയും തന്റെ കുടുംബത്തെയും ക്ഷാമത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (50:20). 
നാമെല്ലാവരും പരീക്ഷണങ്ങളും പ്രശ്‌നങ്ങളും നേരിടുന്നു. എന്നാൽ അതിജീവിക്കാനും മറ്റുള്ളവരുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കാനും ദൈവം യോസേഫിനെയും ആനിയെയും സഹായിച്ചതുപോലെ, അവന് നമ്മെ സഹായിക്കാനും ഉപയോഗിക്കാനും കഴിയും. സഹായത്തിനും മാർഗ്ഗദർശനത്തിനും വേണ്ടി അവനെ അന്വേഷിക്കുക. അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു.